Wednesday, August 27, 2014

സയ്യിദുനാ ബിലാൽ മു'അദ്ദിൻ (റ) - കറുപ്പിന്റെ വെണ്മ










അജബൻ അജബാ! ... അജബൻ  അജബാ! ...
ബിലാലേ! അത്ഭുതം അത്ഭുതം..!
എനിക്കിന്നലെ രാത്രി സ്വർഗം കാണിക്കപ്പെട്ടു.
കണ്ടപ്പൊഴോ ?!
നിങ്ങളുണ്ട് എന്റെ മുന്നിലായി ഓടുന്നു!
നിങ്ങളെയെനിക്ക് കാണാനേ കഴിയുന്നില്ല.
ആ ചെരുപ്പടി ശബ്ദം മാത്രം കേള്ക്കാം!
ഇതിനു മാത്രം എന്താണ് നിങ്ങളീ ദീനിനു വേണ്ടി ചെയ്യുന്നത്?

സയ്യിദുനാ ബിലാലിനോട് മുത്ത്‌ നബിയുടെ വാക്കുകളാണ്.
ഇത് മതി ഒരാള്ക്ക് ബിലാൽ ഇബ്നു റബാഹ (റ) എന്ന ഇസ്ലാമിൻറെ സ്വരമാധുരിയുടെ പ്രാധാന്യം മനസ്സിലാക്കാൻ.
നബി (സ്വ) തങ്ങൾക്ക് രോഗം മൂർച്ചിച്ച നാളിൽ സുബഹ് നിസ്കാരത്തിനു വേണ്ടി വന്നു വിളിച്ച ബിലാലിനോട്  
"ജനങ്ങള്ക്ക് ഇമാമായി നിന്ന് നിസ്ക്കരിക്കണമെന്നു അബൂബക്കറിനോട് പറ" എന്ന് കല്പിക്കുന്നു ഹബീബ് !
രോഗത്തിന്റെ ഗൌരവം മനസ്സിലായ ബിലാൽ തലയിൽ കൈവച്ച് പൊട്ടിക്കരഞ്ഞു പുറത്തേക്കോടി. 
"എൻറെ സങ്കടമേ ..!എന്റെ മാതാവ് എന്നെ പ്രസവിച്ചില്ലായിരുന്നുവെങ്കിൽ" എന്നാർപ്പു വിളിച്ചു ബിലാൽ ..!
അതേ ദിവസം തന്നെ ഹബീബ് വഫാതായി റഫീഖുൽ അ'അലായിലേക്ക് പോയി എന്നാണു ചരിത്രം.
ഹബീബിന്റെ തിരു ദേഹം സ്വഹാബികൾ അവിടുത്തെ ഹുജ്റത്തു ശരീഫയിൽ അടക്കം ചെയ്തു.

പിന്നെയോ..?
ബിലാലിന് എല്ലാം നഷ്ടപ്പെട്ട പോലെ !
ബിലാലിൻറെ ആനന്ദം മുഴുവൻ ചോര്ന്നു പോയ പോലെ ..!
ബിലാലിന്റെ മദീന പിന്നെ വിജനമായിരുന്നു..!
ശൂന്യത ..!
അത് ബിലാലിനെ എങ്ങോട്ടെങ്കിലും പോകാൻ പ്രേരിപ്പിച്ചു.
ഈ ഭയാനകതയിൽ നിന്ന് മുക്തി നേടാൻ സയ്യിദുനാ ബിലാൽ ശാമിന്റെ ഭാഗത്തേക്ക് നീങ്ങി!
മദീനയോടു വിട ..! തന്നെ താനാക്കിയ നഗരിയേ ..!
ഇനിയുള്ള നാളുകൾ ശാമിന്റെ മണ്ണിൽ ..!

കാലചക്രം കറങ്ങിക്കൊണ്ടിരുന്നു .
ഇതിനിടയിൽ വീണ്ടും ബിലാലിന് മോഹം..!
മദീന കാണണം! ആ തിരു റൌളയിൽ പോയി സലാം പറയണം ..!
മോഹം തീവ്രമായപ്പോൾ യാത്ര പുറപ്പെട്ടു ..!
സ്വപ്നം പോലും കിനാവ്‌ കാണുന്ന ആ നഗരിയിലേക്ക്.!
തന്നെ താനാക്കിയ മനുഷ്യന്റെ കാൽക്കീഴിലേക്ക് ..!
അരികിലെത്തിയ ബിലാലിന് അണമുറിയാത്ത കണ്ണ് നീർ !
പ്രവാഹം പോലെ.. ധാര മുറിയാതെ..!

അതിനിടെ ഖലീഫ അബൂബക്കർ (റ) വന്നെത്തി ..!
ബിലാലിനോട് ഒരഭ്യർത്ഥന ..!
ബിലാലേ , ഒരു ബാങ്ക് മുഴക്കാമോ ?
ഹബീബിന്റെ കാലത്തുണ്ടായിരുന്ന പോലെ..!
ആരാണ് ചോദ്യ കർത്താവ്‌? അബൂബക്കർ..! രണ്ടിൽ രണ്ടാമൻ!
ഇസ്ലാമിക ലോകത്തിന്റെ ഇന്നത്തെ അധിപൻ .. ഖലീഫ!
അമീറുൽ മുഅമിനീൻ! അതു മാത്രമാണോ അബൂബകർ തനിക്ക്?
അല്ല .. അല്ല തന്നെ ..!
ഉമയ്യതിന്റെ അടിമപ്പാളയത്തിൽ ഞെരുങ്ങിയിരുന്ന തനിക്ക് അല്ലാഹു നൽകിയ നീരുറവയാണ് അബൂബക്കർ ..!
ജാഹിലിയ്യാ കാലത്ത് താനടങ്ങിയ യാത്രാ സംഘം വിശ്രമിക്കുമ്പോൾ തന്റെ മനോഹരമായ പാട്ടിനു അഭിനന്ദനം നൽകിയ ഒരേയൊരു ഖുറൈഷി മാന്യനാണ് അബൂബക്കർ ..!
പിന്നെ, മക്കയിൽ ജിബ്രീലിന്റെ ചിറകടിയുണ്ടായ വിവരം പാതിരാത്രി അടിമപ്പാളയത്തിൽവന്നു നിസ്സാരനായ തന്നെ വിളിച്ചുണർത്തി അറിയിച്ച ഗുണകാംഷിയാണ് അബൂബക്കർ ..!
മാത്രമോ .. ഉമയ്യത്തിന്റെ അടിയേറ്റ് ചതഞ്ഞരഞ്ഞ തന്നെ ചോദിച്ച പൊന്നു വില കൊടുത്തു വാങ്ങി സ്വാതന്ത്ര്യത്തിന്റെ ലോകത്തേക്ക് കൂട് തുറന്നു വിട്ട അബൂബക്കർ !
അബൂബക്കറിനോട് തനിക്ക് വ്യക്തിപരമായുള്ള കടപ്പാടെത്രയാണ് !
ആ അബൂബക്കറിനോട് താനെങ്ങനെ ഇല്ലെന്നു പറയും..!
പക്ഷെ.. ഇത്.. ഇത് മാത്രമെനിക്കു .. ക്ഷമിക്കണം ഖലീഫാ.. എനിക്കതിനു കരുത്തില്ല ..!

ഇതിനിടെ മറ്റൊരാളും പഴയ സ്നേഹിതനെ തേടിയെത്തി.. ഉമർ ..!
തൻറെ പ്രിയ കൂട്ടുകാരൻ ..
കുന്നോളം സ്നേഹവും മലയോളം ബഹുമാനവും തന്ന ചങ്ങാതി ..!
ഉമറിന്റെ ആവശ്യവും ഒന്ന് തന്നെ .. ഒരു ബാങ്ക് കേൾക്കണം .. ആ കാലമൊന്നോർക്കണം ..!
അതേ മറു പടി തന്നെ ..! എന്റെ കണ്ഡത്തിനതിനുള്ള കരുത്തില്ല..

അപ്പോൾ ഹസനും ഹുസൈനും കടന്നു വന്നുവേത്രേ ..!
കുട്ടികൾ! അല്ലാഹുവിന്റെ ഹബീബിന്റെ തങ്കക്കുടങ്ങൾ!
ഹസനാവട്ടെ! ഹബീബിന്റെ അതേ  മുഖം..!
ഹുസൈനോ ..! അതേ  അംഗലാവണ്യം ..!
കുട്ടികളും ബിലാലിനോട് കെഞ്ചി ..!
ഒരു വട്ടം ബാങ്ക്..!
എന്ത് ചെയ്യാൻ! ഹബീബിന്റെ പേരക്കുട്ടികളുടെ അഭ്യര്ത്ഥന നിരസിക്കാൻ ബിലാലിന് കഴിയുമോ..?
ബിലാൽ.. വീണ്ടും മസ്ജിദിന്റെ മച്ചിലേക്ക് ..!
ഓർമ്മകൾ കൊടുങ്കാറ്റായി ഇരമ്പുന്നുവോ..?
ബിലാൽ സ്വയം നിയന്ത്രിച്ചു.. കരച്ചിലടക്കി ..!

മസ്ജിദുന്നബവിയുടെ മച്ചിൽ നിന്ന് ബിലാലിന്റെ സ്വരം പുറത്തേക്കൊഴുകി ..!
"അല്ലാഹു അക്ബർ അല്ലാഹു അക്ബർ"
മദീന ആകമാനം ഞെട്ടിത്തരിച്ചു ..! ഉൾപ്പുളകം ..!
ആണുങ്ങൾ വീട്ടിൽ നിന്നും പള്ളിയിൽ നിന്നും പള്ളിയിലേക്കോടി ..!
അല്ലാഹുവിന്റെ ദൂതർ തിരിച്ചുവന്നോ ..! അതാണവരുടെ അന്വേഷണം ..!
"അശ് ഹദു അൻ ലാ ഇലാഹ ഇല്ലള്ളാ .."
അതെ ... ബിലാലിന്റെ സ്വരം തന്നെ ..
വീടുകളില നിന്ന് പെണ്ണുങ്ങളും കുട്ടികളും പള്ളിയിലേക്കോടി ..!
ഹബീബ്  ജീവിച്ചിരിപ്പുണ്ടോ..? പ്രതീക്ഷ അതിന്റെ ഉച്ചിയിലേക്ക്...

അപ്പോഴേക്കും ബിലാലിന്റെ തൊണ്ടയിടറിത്തുടങ്ങി.. ഇനി മുഴക്കേണ്ടതു മുഹമ്മദ്‌ അല്ലാഹുവിന്റെ ദൂതരെന്നതിന്റെ സാക്ഷ്യ പത്രമാണ്‌ ..
മാറി താമസിച്ച ദിനങ്ങൾ തനിക്കാ പേര് ഉച്ചത്തിൽ മുഴക്കാനുള്ള ശേഷി സമ്മാനിച്ചിട്ടുണ്ടോ ?
ഉണ്ടെന്നു തോന്നുന്നില്ല .. എങ്കിലും ബിലാൽ ശ്രമിച്ചു ..!
"അശ് ഹദു  അന്ന മഹമ്മദൻ റസൂലുള്ളാഹ് .."
അതോടെ ബിലാൽ പ്രജ്ഞയറ്റ് നിലത്തേക്ക് വീണു ..!
സ്നേഹത്തിന്റെ സത്യപ്രകടനം ..!
ഹബീബ് തിരിച്ചു വന്നെന്ന സന്തോഷത്തിൽ ഓടിയെത്തിയവരെല്ലാം ആർത്തു നിലവിളിച്ചു പോയി ..!
തിരു ദൂതരുടെ വഫാത്തിന്റെ ശേഷം അന്നത്തേത് പോലെ മദീന കരഞ്ഞിട്ടില്ല .. പിന്നീടൊരിക്കലും ..!

ഇതാ വരൂ .. ഇവിടെ മറ്റൊരു മരണ രംഗം..!
ആരാണ് ശയ്യയിൽ ..?
അതെ .. സയ്യിദുനാ  ബിലാൽ (റ) തന്നെ!
മുത്തു നബിയുടെ രോഗശയ്യ കണ്ട്   "വാഹ്  മുസ്വീബതാ ..! എന്റെ  ഉമ്മ എന്നെ പ്രസവിച്ചില്ലായിരുന്നെങ്കിൽ" എന്ന് കരഞ്ഞ അതേ ബിലാൽ ..!
അന്ന് ബിലാലിന്റെ ഭാര്യയ്ക്ക് കരച്ചിലടക്കാൻ കഴിഞ്ഞില്ലത്രേ ..!
"വാഹ് വൈലാ.. വേദനയേ ! എന്തൊരു പ്രയാസമാണ് " ! അവരോടു പൊട്ടിപ്പോയി..!
അത് കേട്ട ബിലാൽ ..!
"വാഹ് ഫറഹാ.. എന്തോരാനന്ദം!"
"ഇന്നാണ് ലിഖാ'! എന്റെ ഹബീബിനെയും കൂട്ടുകാരെയും കണ്ടു മുട്ടുന്ന ദിവസം!"

നോക്കൂ ..! തിരുനബിയുടെ വേർപ്പാടിന്റെ നാൾ പൊട്ടിപ്പൊട്ടി കരഞ്ഞ ബിലാലിന് സ്വന്തം മരണത്തോടുള്ള നിലപാട് ശ്രദ്ധിക്കൂ ..!
എൻറെ ബിലാൽ .. അല്ല നമ്മുടെ ബിലാൽ ..!
നിങ്ങളുടെ സയ്യിദാണ് കടന്നു വരുന്നത് .. നിങ്ങൾ എഴുന്നേറ്റു നില്ക്കണമെന്ന് ദീൻ പഠിപ്പിച്ച അതേ ബിലാൽ (റ)!

Monday, August 25, 2014

രണ്ടിൽ രണ്ടാമൻ


നിഴലില്ലാത്ത റസൂലിന്റെ (സ്വ) നിഴലായിരുന്നു സിദ്ധീക്ക് (റ)
------------------------------------------------------------------------------
"അദ്ദേഹം രണ്ടാളുകളില്‍ ഒരുവനാവുകയും ഇരുവരും ഗുഹയിലായിരിക്കുകയും ചെയ്തപ്പോള്‍. അദ്ദേഹം തന്റെ കൂട്ടുകാരനോട് പറഞ്ഞു: 'ദുഃഖിക്കാതിരിക്കുക; അല്ലാഹു നമ്മോടൊപ്പമുണ്ട്.' അന്നേരം അല്ലാഹു തന്നില്‍ നിന്നുള്ള സമാധാനം അദ്ദേഹത്തിന് സമ്മാനിച്ചു."
-------------------------------------------------------------------------------------------------------

മുഹമ്മദ്‌ നബി (സ്വ) യുടെ സമുദായത്തിന് അല്ലാഹു നല്കിയ വിലമതിക്കാനാവാത്ത ഒരു സുകൃതത്തിൻ പെരെത്രേ സിദ്ധീക്ക് (റ). 'പലരും എനിക്ക് ഉപകാരങ്ങൾ ചെയ്തിട്ടുണ്ട്, അതിനൊക്കെയും ഞാൻ തിരിച്ചു നൽകിയിട്ടുമുണ്ട് ; പക്ഷെ, അബൂബകർ (റ) എനിക്ക് ചെയ്തു തന്ന സഹകരണങ്ങൾക്ക് അല്ലാഹുവിനു മാത്രമേ പ്രതിഫലം നല്കാൻ കഴിയൂ' എന്ന  ആശയം തിരുമേനി തന്നെ നമുക്ക് നല്കുന്നുണ്ട് .

വല്ലാത്തൊരു സ്നേഹ ബന്ധമായിരുന്നു തിരുദൂതർക്കും(സ്വ) സിദ്ധീക്കിനും (റ) ഇടയിലുണ്ടായിരുന്നത് . ഒരിക്കൽ തങ്ങൾക്ക് രോഗം ബാധിച്ചപ്പോൾ സിദ്ധീക്ക് സന്ദർശകനായി ചെന്നു. സന്ദര്ശനം കഴിഞ്ഞു വീട്ടിലെത്തിയ സിദ്ധീക്കിനും രോഗം! ഹബീബ് (സ്വ) രോഗം മാറി സിദ്ധീക്കിനെ (റ) കാണാൻ എത്തിയതോടെ സിദ്ധീക്കിന്റെ രോഗവും മാറി! "ഹബീബിന്റെ രോഗം കണ്ടതോടെ എനിക്കും രോഗമായി, ഹബീബിന് രോഗം മാറിയത് കണ്ടപ്പോൾ എന്റെ രോഗവും മാറി" എന്ന് ഇതേ പറ്റി അവിടുന്ന് പറഞ്ഞുവത്രേ.


ഹജ്ജത്തുൽ വിദാഇൻറെ നാളുകളിലൊന്നിൽ അല്ലാഹുവിന്റെ തിരു ദൂതർക്ക് 'അൽ യൗമ അക്മൽതു ലകും ദീനകും ...' എന്നടങ്ങുന്ന സൂക്തം അവതരിക്കപ്പെട്ട സന്ദര്ഭം ശ്രദ്ധിക്കുക. "ഇന്ന് നിങ്ങളുടെ മതം ഞാന്‍ നിങ്ങള്‍ക്കു തികവുറ്റതാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് പൂര്‍ത്തീകരിച്ചു തന്നിരിക്കുന്നു. ഇസ്‌ലാമിനെ നിങ്ങള്‍ക്കുള്ള മതമായി തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു." എന്നര്ഥം വരുന്ന സൂറത്തു മാഇദയിലെ മൂന്നാം സൂക്തത്തിലെ ഭാഗം അവതരിക്കപ്പെട്ടപ്പോൾ മുസ്ലിം ലോകത്തിനു എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. എവിടെയും ആഹ്ളാദം!

വളര്ന്നു കൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനത്തെ പുല്കി നിൽക്കുന്നവർക്ക് ,  ആ പ്രസ്ഥാനത്തെ ജീവനേക്കാൾ സ്നേഹിക്കുന്നവർക്ക് , അതിന്റെ ഓരോ വിധിവിലക്കും  സന്തോഷത്തോടെ ഏറ്റെടുക്കുന്നവർക്ക് ഇതിൽ പരം ആഹ്ളാദമെന്താണ്? ഇസ്ലാം അവരുടെ ജീവിത കാലത്ത് തന്നെ പൂർത്തിയായിരിക്കുന്നു. ഇനി അതിൽ ഒന്നും എടുത്തു മാറ്റപ്പെടുകയോ കൂട്ടി ചേർക്കപ്പെടുകയോ ഇല്ല. അതെ, തങ്ങളൊരു പൂർണ മതത്തിന്റെ വക്താക്കളാണിന്ന് . സർവ മനസ്സുകളിലും ആഹ്ളാദം! സന്തോഷം!. അന്ന് സ്വഹാബ വൃന്ദത്തിലെ ഒരു പ്രമുഖരിൽ അബൂബകർ (റ) ഒഴിച് മറ്റുള്ളവരെല്ലാം ആഹ്ളാദത്തിലായി എന്നാണു പറയപ്പെടുന്നത് . സിദ്ധീക്കോ? വീട്ടിനകത്ത് പോയി പൊട്ടിക്കരഞ്ഞുവത്രേ!

ഈ അസുലഭ മുഹൂർത്തത്തിൽ എന്തിനു അബൂബകറെ നിങ്ങൾ കരയണം എന്ന് ചോദിച്ച കൂട്ടുകാരോട്, ലോകം ഇന്ന് വരെ കേള്ക്കാത്ത ദുഃഖ വൃത്താന്തം ആ സൂക്തത്തിലടങ്ങിയിരിക്കുന്നു എന്ന് അദ്ദേഹം പ്രതികരിക്കുന്നു. ഏതൊരു  കാര്യവും പൂർത്തിയായാൽ പിന്നെയത് ചുരുങ്ങിക്കൊണ്ടിരിക്കും എന്നും അവരോട് അവിടുന്ന് സമർഥിക്കുന്നു. ഈ സൂക്ത ഭാഗം സൂചിപ്പിക്കുന്നത് മതം പഠിപ്പിക്കാൻ അല്ലാഹു അയച്ച ദൂതനെ അല്ലാഹു തിരിച്ചു വിളിക്കാൻ പോകുന്നു എന്നാണു എന്ന് തന്നെ കാണാൻ വന്ന സ്വഹാബി വൃന്ദത്തോട് അബൂബകർ (റ) പറഞ്ഞപ്പോൾ പിന്നെ അവിടെ ഉയര്ന്നത് ഒരു കൂട്ട നിലവിളിയെത്രേ!  ഇവിടെ എന്താണ് സംഭവിക്കുന്നത് എന്നറിയാതെ മറ്റൊരു വിഭാഗം സ്വഹാബികൾ തിരുദൂതരോടു കാര്യമുണര്ത്തുന്നു. അവിടുത്തോട്‌ മറ്റുള്ളവർ അബൂബകർ (റ) ടെ അഭിപ്രായ പ്രകടനത്തെ പറ്റി ഉണർത്തുകയും അവിടുന്ന് അത് ശരിവെക്കുകയും ചെയ്തതോടെ സ്വഹാബികളുടെ കരച്ചിൽ ഒന്നു കൂടി ശക്തിപ്പെട്ടു. സിദ്ധീക്ക് (റ) ആവട്ടെ ഒരു അട്ടഹാസത്തോടെ നിലം പതിക്കുകയുമുണ്ടായി!

അങ്ങനെയിരിക്കെ ഹബീബ് രോഗ ബാധിതനായി. മൂര്ചിച്ച അസുഖം കാരാണം അബൂബക്കറിനോട് ജനങ്ങള്ക്ക് ഇമാമായി നിന്ന് നിസ്കരിക്കാൻ കല്പ്പിക്കണമെന്നു സയ്യിദുനാ ബിലാലി (റ) നൊടു തിരുമേനി അറിയിച്ചു. ഇത് കേട്ട ബിലാൽ "എന്റെ പ്രയാസമേ.. എന്റെ ഉമ്മ എന്നെ പ്രസവിച്ചില്ലായിരുന്നെങ്കിൽ..." എന്ന് കരഞ്ഞു കൊണ്ട് പള്ളിയിലേക്ക് വന്നു അബൂബകറിനോട് കാര്യം പറഞ്ഞു. അബൂബക്കരാവട്ടെ, ഇത് കേട്ട പാടെ കരഞ്ഞട്ടഹസിച്ചു തറയിൽ വീണു പോയി. ജനം ഒന്നടങ്കം കൂട്ട നിലവിളി മുഴക്കി.

അവസാനം അല്ലാഹുവിന്റെ അലംഘനീയമായ വിധിക്ക് വഴിപ്പെട്ടുകൊണ്ട് അല്ലാഹുവിന്റെ ഹബീബ് (സ്വ) ഈ ലോകത്തോട്‌ യാത്രപറഞ്ഞു പോയി. മദീനയും ഇസ്ലാമിക ലോകവും അന്ന് വരെ പരിചയിച്ചിട്ടില്ലാത്ത ഒരു സാഹചര്യമാണ് സമാഗതമായത് . അവര്ക്കിനി ആകാശത്തു നിന്ന് ഉത്തരവുകൾ വരാനില്ല. അവരുടെ അത്താണി അവരോടു വിട പറഞ്ഞിരിക്കുന്നു. സ്വഹാബികൾ ആ സത്യം മനസ്സിലാക്കിയപ്പോൾ പലരും സമനില തെറ്റി. എന്തിനേറെ, ദാർഢ്യതയുടെ പ്രതീകമായിരുന്ന ഉമറുൽ ഫാറൂഖ് (റ) പോലും മനോനില തെറ്റി വാളൂരിപ്പിടിച്ച അവസ്ഥ വരെയുണ്ടായി . തിരുദൂതർ പഠിപ്പിച്ചത് ദൂതരില്ലാത്ത കാലത്ത് എങ്ങനെ ഉപയോഗിക്കണം എന്ന് മുസ്ലിം സമൂഹത്തിന്റെ മുന്നിൽ പരീക്ഷിക്കപ്പെട്ട ആദ്യ സന്ദര്ഭാമായിരുന്നു അത്.  അത്ര വലിയൊരു സന്ദര്ഭം പിന്നെ ഉണ്ടായിട്ടുമില്ലല്ലോ.

ഹബീബിന്റെ വഫാതിന്റെ സൂചന വന്നതുമുതൽ കരച്ചിലിലായിരുന്ന അബൂബകർ സിദ്ധീക്ക് (റ) ഹബീബ് വഫതായി എന്ന് കേട്ടപ്പോൾ എങ്ങനെ പെരുമാറി എന്നത് നാം ശ്രദ്ധാ പൂർവ്വം വീക്ഷിക്കേണ്ടതുണ്ട്. അല്ലാഹുവിന്റെ വിധി സംഭവിച്ചു എന്ന് മനസ്സിലാക്കിയതോടെ സിദ്ധീക്ക് (റ) വളരെ സമചിത്തതയോടെയാണ് കാര്യങ്ങളെ സമീപിച്ചത്. ജനങ്ങള്ക്ക് ഇനി മറ്റൊരു അത്താണി ഇല്ലെന്നു അദ്ദേഹം തിരിച്ചറിയുന്നു. താൻ കൂടെ തളര്ന്നാലുള്ള സ്ഥിതി അവിടുന്ന് മുൻകൂട്ടി കാണുകയും അതനുസരിച്ച് തന്നെ നിയന്ത്രിക്കുകയും ചെയ്യുകയാണ് സിദ്ധീക്ക് (റ). തുടർന്ന് ഹബീബിന്റെ തിരുദേഹം കിടക്കുന്ന തന്റെ പുത്രിയുടെ വീട്ടിലേക്ക് ചെന്ന് അവിടുത്തെ തിരുമുഖം  മൂടിയിരുന്ന തുണി നീക്കി ചുംബിക്കുന്നു. എന്നിട്ട് "നബിയെ, അങ്ങ് ജീവിചിരിക്കുമ്പോഴും സുഗന്ധം , വഫാത്തായപ്പോഴും സുഗന്ധം" എന്ന് മന്ത്രിച്ച ശേഷം  ജനങ്ങളിലേക്ക് കടന്നു ചെല്ലുകയാണ് സിദ്ധീക്ക്.

അവിടെ നടക്കുന്ന കോലാഹലങ്ങൾക്കിടയിൽ  സിദ്ധീക്കിന്റെ (റ) ശബ്ദമുയർന്നു. "ആരെങ്കിലും മുഹമ്മദിനെ (സ്വ) ആരാധിചിരുന്നുവെങ്കിൽ അവരറിഞ്ഞു കൊള്ളുക, മഹമ്മദ് വഫാതായിരിക്കുന്നു. വല്ലവരും അല്ലാഹുവിനെ ആരാധിക്കുന്നുവെങ്കിൽ അറിയുക, അല്ലാഹു മരണമില്ലാത്തവനത്രേ!". തുടർന്ന് അദ്ദേഹം 'മുഹമ്മദ്‌ അല്ലാഹുവിന്റെ ദൂതൻമാരിൽ പെട്ട ദൂതൻ മാത്രമാകുന്നു, മുമ്പ് കഴിഞ്ഞ പ്രവാചകരെ പോലെ' എന്ന് സാരം വരുന്ന ഖുർആൻ സൂക്തം ജനങ്ങള്ക്ക് ഓതി കേൾപ്പിക്കുച്ചു. ആ സൂക്തം ആദ്യമായി കേള്ക്കുന്ന പോലെ എനിക്കപ്പോൾ തോന്നിയെന്ന് ഉമർ (റ) പ്രസ്താവിക്കുന്നുണ്ട്. ജനങ്ങള് ഈ പ്രസംഗത്തെ തുടർന്ന് ശാന്തരാവുകയാണ് ഉണ്ടായത് .ഒരു ഉത്തമനായ മുഅമിൻ എങ്ങനെ സാഹചരത്തോട് പൊരുത്തപ്പെടണം എന്ന് അല്ലാഹു നമുക്ക് സിദ്ധീക്കിലൂടെ കാണിച്ചു തരികയാണിവിടെ.

സിദ്ധീകിന്റെ അന്തരംഗം മുഴുവൻ ജ്വലിക്കുന്ന വിജ്ഞാനമായിരുന്നു. അല്ലാഹു എന്റെ നെഞ്ചിൽ എന്തൊക്കെ ഊതിയിട്ടുണ്ടോ , അതൊക്കെ ഞാൻ സിദ്ധീക്കിന്റെ നെഞ്ചിലും ഊതിയിട്ടുണ്ടെന്ന്  തിരുനബി (സ്വ) നമ്മെ പഠിപ്പിച്ചിട്ടുണ്ട്. വിജ്ഞാനത്തിന്റെ പ്രായോഗിക വല്ക്കരണത്തിലും അബൂബക്കർ സിദ്ധീക്ക് (റ) മികച്ചു നിന്നു. അവിടുത്തെ ഖിലാഫത്തിന്റെ പ്രത്യേകതകൾ ഒരു പാടുണ്ട് . ഇന്ഷ അല്ലാഹ് പറയാൻ ശ്രമിക്കണം. നാഥൻ  തുണക്കട്ടെ .അന്ത്യനാളിൽ അവിടുത്തെ സാമീപ്യം അല്ലാഹു നമുക്ക് നൽകുമാറാകട്ടെ, ആമീൻ .

Monday, June 6, 2011

ഹര്‍ത്താല്‍ ചിന്തകള്‍..

ഞാനിതെഴുതുന്ന സ്ഥലം പറഞ്ഞാല്‍ ചിലപ്പോള്‍ നിങ്ങള്‍ അത്ഭുതപ്പെടും.. ഇപ്പോള്‍ ഞാനിരിക്കുന്നത് വടകര ബസ് സ്ടാന്റിലാണ്... രസമുള്ള ശാന്തമായൊരു അന്തരീക്ഷം.. സ്റ്റാന്റില്‍ ബസ്‌ നിര്‍ത്തിയിടുന്നതിന്റെ എതിര്‍ വശത്തുള്ള ടാക്സി സ്പോട്ടിനു മേല്‍ക്കൂര പാകിയ ഇരുംബ് ഷീറ്റ്ഉറപ്പിക്കാന്‍ നിര്‍ത്തിയ ഇരുമ്പ് തൂണിന്റെ താഴെയുള്ള സ്റെപ് പോലുള്ള ചെറിയൊരു ഇരിപ്പിടത്തിലാണ് ഞാനിരിക്കുന്നത്.. വലതു ഭാഗത്ത് നാഷണല്‍ ഹൈവേ.. ഇടത് ഭാഗത്ത് ബസ്‌ (ആന)സ്ടാന്റ്റ്...
ചിലപ്പോള്‍ നിങ്ങള്‍ ചോദിച്ചേക്കും. ബസ്‌ സ്റ്റാന്റില്‍ നീ എങ്ങനെ ശാന്തത കണ്ടെത്തി എന്ന്... പക്ഷെ അതുള്ളതാണ്.. ഇന്ന് കേരളം അതിന്റെ പരമ്പരാഗത വിനോദമായ ഹര്‍ത്താല്‍ ആഘോഷിക്കുകയാണ്.. ഹൈവേയില്‍ വാഹനങ്ങള്‍ നന്നേ കുറവ്..സ്ടാണ്ടിലാനെങ്കില്‍ ആന ബസ്‌ മാത്രം.

ഞാനിതെഴുതുമ്പോള്‍ "അയലിന്മേല്‍ കുടുങ്ങിയ" പോലെ ബസ് സ്റ്റാന്റില്‍ കുടുങ്ങിയ യാത്രക്കാരില്‍ ചിലര്‍ എന്നെ തുറിച് നോക്കുന്നുണ്ടോന്നൊരു സംശയം.. എനിവേ.. അവരുടെ പാട്.. ഇന്നലെ ഞാന്‍ സേലത്ത്‌ നിന്നും വണ്ടി കയറിയതായിരുന്നു.. ടിക്കറ്റ്‌ ഒന്നും ബുക്ക്‌ ചെയ്തിട്ടില്ലാ.. പക്കാ ലോക്കല്‍.....

ട്രെയിനില്‍ കയറിയപ്പോള്‍ തന്നെ ഒരു ലഗജെ കം ബര്‍ത്ത് കിട്ടി.. കയറിക്കിടന്നു.. സുഖ നിദ്ര. ഏതാണ്ട് കൊയിലാണ്ടി എത്തിയപ്പോഴാണ് ഉറക്ക് തെളിഞ്ഞത്.... പിന്നെ വടകര ഇറങ്ങി... പള്ളിയില്‍ കയറി സുബഹി നിസ്കരിച്ചു.. ഏകദേശം ഏഴു മണിക്ക് ഞാന്‍ സ്ടാന്റിലെത്തി.. ഇപ്പോള്‍ സമയം 9:15.. ഇത് വരെയും എനിക്ക് നാദാപുരത്തെക്ക് വണ്ടി കിട്ടിയിട്ടില്ല... അവസാനം നാട്ടിലുള്ള ഒരു സുഹൃത്തിനെ വിളിച് ബൈക്കും കൊണ്ട് വരാന്‍ പറഞ്ഞു അവനെയും കാത്തിരിക്കുകയാണ്.. അതിനിടയിലാണ് ഇതെഴുതി തുടങ്ങിയത്..

ഹര്‍ത്താല്‍ ... മലയാളി ഈ വിനോദം വളരെ നന്നായി ആസ്വദിക്കുന്നു എന്ന് ഞാന്‍ നിസ്സംശയം പറയും... ജാതി-മത - വര്‍ണ്ണ-വര്‍ഗ്ഗ-രാഷ്ട്രീയ-അരാഷ്ട്രീയ വിവേചനങ്ങള്‍ ഒന്നും തന്നെ ഈ വിഷയത്തില്‍ ആര്‍ക്കും ഉള്ളതായി എനിക്ക് തോന്നുയിട്ടില്ല.. ഇതാണ് കേരളത്തിന്റെ സാമൂഹികോല്‍സവം.. ഇത് തന്നെയാണ് നമ്മുടെ ഐക്യത്തിന്റെ പ്രതീകവും..

ഞാന്‍ പറഞ്ഞില്ലേ, എന്റെ വലതു ഭാഗത്ത് നാഷണല്‍ ഹൈവേ ആണ്.. അത്യാവശ്യം അംബാസടര്‍ കാറുകള്‍ ഓടുന്നുണ്ട്.. എല്ലാറ്റിന്റെയും ഗ്ലാസ്സില്‍ "AIRPORT" എന്ന്‍ ചക്ക വലുപ്പത്തില്‍ എഴുതി ഒട്ടിച്ചിട്ടുണ്ട്.. പിന്നെ മിക്കതിന്റെയും മുന്‍ സീറ്റില്‍ കുലച്ച വാഴ ഒടിഞ്ഞു തൂങ്ങിയ പോലെ ഉറങ്ങുന്ന ഒരാളുമുണ്ട്.. പിന്‍ സീടിലാണെങ്കില്‍ "നെലാത്ത് വീണ കോഴിയെ പോലെ" "എന്തൂട്ടാത്" എന്ന സ്റ്റൈലില്‍ വെളിയില്‍ നോക്കിക്കൊണ്ടിരിക്കുന്ന പ്രവാസിയും.. കുറെ പേര്‍ ബൈക്കെടുത്ത് കറങ്ങുന്നു.. കാക്കയുടെ അലച്ചയാണ് അവരെന്നെ ഓര്‍മ്മിപ്പിച്ചത്.. പിന്നെ ഈ ഓരത്ത് ഞാനും രണ്ട് കറുത്ത ബാഗുകളും..

ഇന്നത്തെ ദിവസം ഞാന്‍ ഹര്‍ത്താലിനെ വിമര്ശിചെഴുതിയാല്‍ അത് എനിക്ക് ബസ്സ്‌ കിട്ടാത്തതിന്റെ കലിപ്പാണെന്നെ നിങ്ങള്‍ പറയൂ.. അത് കൊണ്ട് ഞാനതിനു മുതിരുന്നില്ല.. ഞാന്‍ ഹര്‍ത്താലിനെ പുകഴ്ത്തിയാലോ .. അത് നിങ്ങള്‍ എതിര്‍ക്കില്ലല്ലോ..

നിങ്ങളൊന്ന് ആലോചിക്കൂ... ഇങ്ങനെയുള്ളതല്ലാത്ത ഒരു ദിവസം നിങ്ങള്‍ക്ക് കാലത്ത് ഒമ്പത് മണിക്ക് വടകര സ്ടാണ്ടിളിരുന്ന്‍ ഡയറി എഴുതാന്‍ പറ്റുമോ.. ഇല്ല.. ഇത് തന്നെ ഒരു ബെനിഫിറ്റ് അല്ലെ..എന്റെ ഒരഭിപ്രായം പറയുകയാണെങ്കില്‍ ഹര്‍ത്താലുകള്‍ കുറച്ച കൂടി ജനകീയമാക്കെണ്ടിയിരിക്കുന്നു ... ഗവര്‍മെന്റ് ആവണം ഹര്‍ത്താല്‍ തിയ്യതികള്‍ നിശ്ചയിക്കേണ്ടത്.. എന്നിറ്റ് അത് സര്‍ക്കാര്‍ കലണ്ടറില്‍ പരസ്യപ്പെടുത്തണം.. അത്യാവശ്യം ട്രന്‍സ്പ്രോടശന്‍ സര്‍ക്കാര്‍ തന്നെ ഒരുക്കണം..( ഞാന്‍ കുടുങ്ങിയത് കൊണ്ടല്ല)... എന്നിറ്റ് എന്തിനൊക്കെ പ്രതിഷേധിക്കണം എന്ന്‍ ആര്‍ക്ക് വേണമെങ്കിലും തീരുമാനിക്കാം... മാസത്തില്‍ ഒരു തവണയെങ്കിലും ഇത്തരം സുദിനങ്ങള്‍ ഉണ്ടാകണം.... അങ്ങനെ ഈ ആഘോഷത്തില്‍ കാലോചിത മാറ്റങ്ങള്‍ ഉണ്ടാവേണ്ടത് ഒരാവശ്യമാണ്..

ഇന്ന് തന്നെ കാലത്ത് ഞാന്‍ നോക്കുമ്പോള്‍ നഴ്സിംഗ് വിദ്യാര്തിനികള്‍ ഹോസ്പിട്ടലിലെകക് പോകുന്നത് ആംബുലന്‍സിലാണ്.. പിള്ളേരുടെ കലപിലയും കളി ചിരിയും.. ഇന്നേ വരെ ആംബുലന്സില്‍ ഇത്ര സന്തോഷത്തോടെ ആളുകള്‍ പോകുന്നത് കണ്ടിട്ടില്ലായിരുന്നു.. അതും കണ്ടു.. ആളുകളുടെ മുഖത്ത്‌ മുഴുവന്‍ ആവേശവും ഉത്സാഹവും .... ഇത്രയേറെ ആഹ്ലാദം കേരള ജനതക്ക് പകര്‍ന്നു കൊടുക്കാന്‍ ഹര്താലുകള്‍ക്ക് കഴിയുമെങ്കില്‍ ഇവയുടെ എണ്ണം വര്ധിപ്പിക്കെണ്ടത് അടിസ്ഥാനപരമായ ഒരാവശ്യമാണ്... ബന്ധപ്പെട്ടവര്‍ അതേ പറ്റിയും ആലോചിക്കണം...

(കഴിഞ്ഞ ഹര്ത്താലിനു (പെട്രോള്‍ വില വര്‍ധനക്കെതിരെ ഇടത് മുന്നണി നടത്തിയ ഹര്‍ത്താല്‍ ) വടകര കുടുങ്ങിയപ്പോള്‍ ഡയറിയില്‍ എഴുതിയത് പകര്‍ത്തിയതാണ്..)

Monday, May 16, 2011

അസ്റാഈലിന്റെ കാലൊച്ച

ഹൃദയം വീണ്ടും തുടിക്കുന്നു..
ഇതെന്ന് തുടങ്ങിയതാണാവോ.. അറിയില്ല..
നാലാം മാസത്തില്‍ ആത്മാവിന്റെ "അറ്റാച്ച്മെന്റ് " ഒരു കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്യുന്ന പോലെ എന്റെ ശരീരത്തെ സ്റ്റാര്‍ട്ട്‌ ചെയ്തപ്പോള്‍ മുതല്‍ തുടങ്ങിയതാണോ...?
ആര്‍ക്കറിയാം...
എന്തിനെന്നുമറിയില്ല.. എങ്കിലും അത് അവിശ്രമം തുടര്‍ന്നുകൊണ്ടിരിക്കുന്നു....
ഇന്ന് വരെ റസ്റ്റ്‌ എടുക്കാനുള്ള ഒരു ടെന്ടന്‍സി അത് കാണിച്ചിട്ടുമില്ല..

ഞാന്‍ ഹൃദയത്തോട് പറഞ്ഞതൊന്നുമല്ല.. നീയിങ്ങനെ മിടിച് കൊണ്ടിരിക്കണമെന്നു...
എന്നാലും അത് അവിശ്രമം.. അവിരാമം തുടര്‍ന്ന് കൊണ്ടിരിക്കുന്നു...

എനിക്ക് തോന്നാറുണ്ട്.. ഇതൊരു ടൈമര്‍ ആണോ എന്ന്...
പണ്ട് ..(അത്ര ഓവര്‍ പണ്ടൊന്നുമല്ല..) എന്റെ ചെരുപ്പ കാലത്ത് ചാലപ്പുറത്തെ വീട്ടിലെ നടുത്തളത്തില്‍ അലമാരി കണക്കെയുള്ള ഒരു ഘടികാരം ഉണ്ടായിരുന്നു...
പെന്റുലം ഒക്കെയുള്ള സ്റ്റൈലന്‍ ക്ലോക്ക് .....
ഇന്നത്തെ ക്ലോക്ക് പോലുള്ളതല്ല... അതിന്റെ രൂപവും ഭാവവുമെല്ലാം വ്യത്യസ്തമാണ്...
ഞാന്‍ പറഞ്ഞ വന്നത്..ഈ ക്ലോക്ക് ഇക്കാക്ക സ്ടൂലിന്‍ മേല്‍ കയറി നിന്ന്‍ താക്കോലിട്ടു തുറക്കും..
എന്നിറ്റ്, അതിനകത് വേറൊരു താക്കോലും താക്കോല്‍ പഴുതുമുണ്ട്... ആ താക്കോല്‍ , പഴുതില്‍ ഇട്ടു കുറെ നേരം തിരക്കും.... (ഒവറാക്കണ്ട , ചാവി കൊടുക്കും ല്ലേ...)
അതിന്നു ശേഷം ഇക്കാക്ക ക്ലോക്കിന്റെ വാതിലടച് സ്ടൂളിന്മേല്‍ നിന്ന്‍ താഴെയിറങ്ങും.. എന്നിറ്റ് ഇത്ര ദിവസത്തേക്ക് "കെടി ഓടിക്കൊള്ളും" എന്ന് പറയും....

അന്നെനിക്ക് ഇതിനുള്ളിലെ ടെക്ക്നിക്ക് മനസ്സിലായിട്ടുണ്ടയിരുന്നില്ല...അല്ലെങ്കിലും ഞാനൊരു ടെക്ക്നീഷ്യനാണ് എന്ന തോന്നലൊന്നും അന്നും ഇന്നുമെനിക്കില്ല. പിന്നീട് മനസ്സിലായി, നമ്മള്‍ ചാവി കൊടുക്കുന്നതിനനുസരിച്ചാണ് ഈ ഘടികാരത്തിന്റെ ചലനം എന്ന്‍...
അപ്പൊ.. പെന്റുലതിന്റെ ഓരോ ആട്ടവും സൂചിപ്പിക്കുന്നത് കൊടുത്ത് വെച്ച ചാവിയുടെ ആയുസ്സിന്റെ ബലം ആ ആട്ടത്തിന്റെ കനം കണ്ട് കുറഞ്ഞിരിക്കുന്നു എന്നാണു...

ഇത് പോലെയാണോ മനുഷ്യനും... ദൈവം തമ്പുരാനായ അല്ലാഹു ആലമുല്‍ അറ്വാഹിലെ റൂഹിനെ വിളിച്ച നിനക്ക് ആടിതീര്‍ക്കാനുള്ള വേഷം ഒരു മനുഷ്യ സ്ത്രീയുടെ ഗര്‍ഭാശയത്തില്‍ ഒരുക്കി വെച്ചിട്ടുണ്ട് എന്നും പറഞ്ഞ്, ഒരു മാലഖയോടൊപ്പം ഗര്‍ഭ പാത്രത്തിലെക്കയക്കുകയാണോ ചെയ്യുന്നത്..!! അങ്ങനെയെങ്കില്‍ ഈ ആശ്ലേഷം നടക്കുമ്പോഴൊക്കെഒരു പക്ഷെ അള്ളാഹു ഉദ്ദേശിച്ച അളവില്‍ നമുക്കെവിടെയോ ചാവിയിട്ട് ചാര്‍ജ് ചെയ്ത് വെച്ചിട്ടുണ്ടാകുമോ.. എങ്കില്‍ ആ എണ്ണത്തില്‍ നിന്നുള്ള കുറവാണോ ഈ തുടിപ്പായിട്ട് പുറത്തേക്കു കാണിക്കുനത്........

പെന്റുലം ചലിച്ചു കൊണ്ടിരിക്കും... അതിനു ചാവി പകര്‍ന്നു കൊടുത്ത തുടിപ്പ് തീരുവോളം.. അതേ പോലെ ഹൃദയവും...